Sis. Annamma Mammen

0

1.”ലോകമാം ഗംഭീര വാരിധിയില്‍”
2. ഉയര്‍ത്തിടും ഞാന്‍ എന്റെ കണ്കള്‍,
3. അടവി തരുക്കളിന്‍ ഇടയില്‍,
4. ശുദ്ധര്‍ സ്തുതിക്കും വീടെ
തുടങ്ങിയ ഗാനങ്ങള്‍ എഴുതിയ പാട്ടുക്കാരിയെ പരിചയപെടാം

സഹോദരി അന്നമ്മ മാമ്മന്‍
**************************
അന്നമ്മ മാമ്മന്‍ കുമ്പനാട് കൊച്ചുപറമ്പില്‍ ശ്രീ. കെ. എം. മാമ്മന്‍-മറിയാമ്മ ദമ്പതികളുടെ മകളായി ഒരു മാര്‍ത്തോമ്മാ കുടുബത്തില്‍ 1914-ല്‍ ജനിച്ചു. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ടീച്ചേഴ്സ് ട്രെയിനിംഗ് കഴിഞ്ഞ് അദ്ധ്യാപികയായിരിക്കുമ്പോള്‍ അത്ഭുതകരമായ ഒരു കാര്യത്തിനുവേണ്ടി ദൈവം വിളിക്കുകയാണെന്ന് ഒരു ദര്‍ശനമുണ്ടായി. പെന്തെക്കോസ്തനുഭവം ജീവിതത്തില്‍ പരിവര്ത്തനം ചെയ്തപ്പോള്‍ മാതൃസഭയേയും സമൂഹത്തെയും നോക്കാതെ പതിനാറാം വയസ്സില്‍ സുവിശേഷ വേലയ്ക്കായി വീടുവിട്ടിറങ്ങി.

1936-ല്‍ മിസ് മാമ്മന്‍ ആന്ധ്രായിലെ ഏലൂരില്‍ പാസ്റ്റര്‍ പി. റ്റി. ചാക്കോയോടൊപ്പം സഹകരിച്ച് ഭാഷ വശമാക്കി. ഗ്രാമങ്ങളിലും പട്ടണവീഥികളിലും കടന്നു ചെന്നു സുവിശേഷം പ്രസംഗിച്ചു. വടക്കെ ഇന്ത്യയിലെ പല നഗരങ്ങളിലും പാസ്റ്റര്‍ എ. കെ. ചാക്കോച്ചനോടൊപ്പം യാത്ര ചെയ്തു ദൈവരാജ്യം പ്രസംഗിച്ചു. തമിഴ് നാട്ടിലെ സേലത്തിനടുത്ത് റാസിപ്പുരം എന്ന സ്ഥലത്ത് താമസിച്ച് കുറെനാള്‍ പ്രവര്‍ത്തിച്ചു. അവിടെവച്ചാണ് സ്വീഡന്‍കാരിയായ ആഗ്നസ്സ് വാല്‍ എന്ന മിഷനറി മദാമ്മയെ പരിചയപ്പെടുന്നത്. ആ പരിചയമാണു സിസ്റ്റര്‍ അന്നമ്മയ്ക്ക് അമേരിക്കയില്‍ പോകാന്‍ വഴിയൊരുക്കിയത്. ആദ്യയാത്ര കൊച്ചിയില്‍ നി്ന്നും ഒരു ചരക്കുകപ്പലിലായിരുന്നു. കടല്‍ ചൊരുക്ക് നിമിത്തം ചര്‍ദ്ദിച്ചവശയായി. ഈ വിവരം കപ്പിത്താന്റെ ഭാര്യ അറിഞ്ഞു. അവര്‍ അന്നമ്മയെ കപ്പലിന്റെ മുകള്ത്ത്ട്ടില്‍ ചെന്നു നല്ല കാറ്റേല്ക്കുവാനുള്ള അവസരം നല്കീ. ന്യൂയോര്‍ക്കിലിറങ്ങിയ അന്നമ്മ എലീമിലേക്കുപോയി. എലീം ബൈബിള്‍ സ്കൂളില്‍ ഒരു വര്‍ഷം അദ്ധ്യാപനം നടത്തിക്കൊണ്ട്, സഭകളിലും കൂട്ടായ്മകളിലും പ്രസംഗിച്ചു. പിന്നീട് മിസ് മാമ്മന്‍ പല പ്രാവശ്യം അമേരിക്ക സന്ദര്‍ശിച്ചു. ആസ്ത്രേലിയ ഒഴിച്ച് ലോകത്തിലെ മിക്ക രാജ്യങ്ങളിലും ഇവര്‍ സന്ദര്‍ശി്ച്ച് സുവിശേഷം പ്രസംഗിച്ചു. യിസ്രായേല്‍, ഹോങ്കോംഗ്, എന്നീ രാജ്യങ്ങളില്‍ ഇവര്‍ക്ക് പൌരത്വം ഉണ്ടായിരുന്നത്രേ! ഇംഗ്ളീഷ്, തെലുങ്ക്, തമിഴ്, കന്നട, ഹിന്ദി, ഹീബ്രൂ ആദിയായ ഭാഷകള്‍ വശമുണ്ടായിരുന്നു. ട്രൂത്ത് ബൈബിള്‍ ഇൻസ്റ്റിട്യൂട്ടിന്റെ വൈസ് പ്രിന്‍സിപ്പാളായിരുന്നു.

കേരളത്തിലും പുറത്തും അനേകരെ സുവിശേഷ മുന്നണിപോരാളികളായി വാര്ത്തെടുക്കുവാന്‍ സിസ്റ്റര്‍ അന്നമ്മ മാമ്മനു കഴിഞ്ഞിട്ടുണ്ട്. മുന്‍ ഐ. പി. സി പ്രസിഡന്റ് പാസ്റ്റര്‍ പരം ജ്യോതിയെപോലുള്ളവരെ 1936-37 കാലഘട്ടങ്ങളില്‍ അന്നമ്മ മാമ്മന്‍ പ്രോത്സാഹനം നല്കി ഉറപ്പിച്ചിട്ടുണ്ട്. പ്രത്യേകാല്‍ കേരളത്തില്‍ സഹോദരീ സങ്കേതത്തിന്റെ പ്രവര്‍ത്തനങ്ങള്ക്ക് ആദ്യകാലത്ത് അന്നമ്മ മാമ്മന്‍ നല്കിടയ സേവനങ്ങള്‍ മറക്കാവതല്ല. അന്നമ്മ മാമ്മനെ പുറം ലോകമറിയുന്നത് പ്രശസ്തയായ ഒരു സുവിശേഷ പ്രസംഗിയും മിഷിനറി വനിതയുമെന്ന നിലയിലാണ്. അതുപോലെ അവര്‍ക്ക് യശ്ശസ് ചില ഗാനരചനയിലൂടെ ലഭിച്ചിട്ടുണ്ട്. “ലോകമാം ഗംഭീര വാരിധിയില്‍”, ഉയര്‍ത്തിടും ഞാന്‍ എന്റെ കണ്കള്‍ തുടങ്ങിയ ഗാനങ്ങളുടെ രചയിതാവ് അവരായിരുന്നു.

അവിശ്വസനീയമെന്നു കരുതിപ്പോകുന്ന ഒട്ടേറെ കഥകള്‍ അന്നമ്മ മാമ്മനെ കുറിച്ച് പറഞ്ഞു കേള്‍ക്കുന്നുണ്ട്. വിസയും യാത്രാ ഡോക്യൂമെന്റസ് ഇല്ലാതെ പല രാജ്യങ്ങളില്‍ ചെന്നിറങ്ങി സുവിശേഷമറിയിച്ച കഥ… വിദേശത്തുനിന്ന് ആരോ ഇന്ദിരയുടെ കെയറൊഫില്‍ അന്നമ്മ മാമ്മനു പണമയച്ച കഥ… അങ്ങനെ പലതും. ഒരു കാര്യം വ്യക്തം, അന്നമ്മ മാമ്മന്‍ എന്നും വ്യത്യസ്തയായിരുന്നു. സ്ത്രീകളുടെ ശുശ്രൂഷകളെ സംശയത്തോടെ മാത്രം വീക്ഷിച്ചിരുന്നവരെ അതിശയപ്പെടുത്തിക്കൊണ്ട് ലോകമെങ്ങും സുവിശേഷ പര്യടനം നടത്തിയിട്ടുള്ള മിസ്സ് മാമ്മന്‍ ഇന്നു നിത്യതയില്‍ വിശ്രമിക്കുന്നു.

അന്നമ്മ മാമന്‍ – ധൈര്യശാലിയായ പോരാളി
****************************************
ഐ. പി. സി.യുടെ ആദ്യനാളുകള്‍ മുതല്‍ ഏകയായ സഹോദരിമാര്‍ കര്ത്താവിനെ സേവിക്കുവാന്‍ സ്വയം സമര്‍പ്പിലത രായിതീര്‍ന്നു. മിസ്. അന്നമ്മ മാമന്‍ ശുശ്രൂഷയില്‍ മുന്നിരയില്‍ നിന്നവരില്‍ ഒരാളായിരുന്നു. സ്‌കൂളില്‍ പഠിപ്പിക്കുന്ന സമയത്ത് മറ്റുള്ളവരോട് യേശുവിനെക്കുറിച്ച് പറയുവാന്‍ സമയം കണ്ടെണ്ടത്തി. മലയാളമാസം 1104ല്‍ ഉണ്ടായ ഉണര്‍വ്വിനെക്കുറിച്ച് പാസ്റ്റര്‍ കെ. ജെ. ഏബ്രഹാം എഴുതിയത് ‘ഐ. പി. സിയുടെ അനുഭവനാളുകള്‍’ എന്ന കൃതിയില്‍ പറഞ്ഞിരിക്കുന്നത്, ആ സമയത്ത് അന്നമ്മ മാമന്‍ യേശുവിനെ സ്വീകരിക്കുകയും സ്‌നാനം ഏൽക്കുകയും ചെയ്തുവെന്നാണ്. പതിനാറാം വയസ്സില്‍ കര്‍ത്തൃവേലയ്ക്കായി വിളി ലഭിച്ചു. 1936ല്‍ കുടുംബത്തിലെ എതിര്‍പ്പിന്റെ നടുവില്‍ ജോലി രാജിവച്ച് പാസ്റ്റര്‍ പി. റ്റി. ചാക്കോയോടും കുടുംബത്തോടും ഒപ്പം ഏലൂരിലേക്ക് പോയി.

സുവിശേഷ സന്ദേശവുമായി അന്ധ്രായിലെ വിവിധ സ്ഥലങ്ങളിലും വടക്കേ ഇന്ത്യയിലും യാത്രചെയ്തു. വിദേശരാജ്യങ്ങില്‍ യാത്ര ചെയ്യുകയും ശക്തിയായി ദൈവത്താല്‍ ഉപയോഗിക്കപ്പെടുകയും ചെയ്തു. ഒരു അറിയപ്പെടുന്ന ഗാനരചയിതാവായിരുന്നു അന്നമ്മ. അവളുടെ വെല്ലുവിളി നിറഞ്ഞ ജീവിതസാഹചര്യങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന ഗാനങ്ങളായിരുന്നു പലതും. ശക്തിമത്തായതും പ്രചോദനം നല്കുതന്നതുമായ ഗാനങ്ങള്‍ ഇന്നും ആളുകള്‍ പാടുന്നു. വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ കഴിവുറ്റ വ്യക്തിയായിരുന്നു. കൂടാതെ ദൈവരാജ്യത്തിനു വേണ്ടി പലരെയും പരിശീലിപ്പിക്കുവാന്‍ ദൈവം ശക്തിയായി ഉപയോഗിച്ചു. ഏകയായി കര്‍ത്താവിന്റെ വേലയ്ക്ക് സമര്‍പ്പിച്ച സഹോദരിമാരെ സഹായിക്കുന്നതില്‍ അന്നമ്മ താല്പര്യം പ്രകടിപ്പിച്ചു. സാമ്പത്തിക സഹായം ഐ. പി. സി സങ്കേതത്തിന് ആദ്യ നാളുകളില്‍ ചെയ്തിരുന്നു. നിരാലംബരെയും ഭവനരഹിതരെയും കരുതുന്നതിലുള്ള കഴിവ് എടുത്തു പറയേണ്ടണ്ടതാണ്. യേശുവിനെക്കുറിച്ച് പറയുന്നതിലായിരുന്നു അന്നമ്മയുടെ ആഗ്രഹവും ആവേശവും. ഭൂമിയിലെ ആഗ്രഹങ്ങളെക്കുറിച്ച് താല്പര്യം ഉണ്ടായിരുന്നില്ല. ക്രിസ്തുവിനുവേണ്ടിയും ദൈവരാജ്യത്തിനുവേണ്ടിയും ആയുസ് മുഴുവന്‍ ജീവിച്ചു. ഐ. പി. സി. സഭയ്ക്ക് തന്റെ ശുശ്രൂഷ വളരെയധികം പ്രയോജനം ചെയ്തു. തന്റെ ഓട്ടം തികച്ച് 2002 നവംബര്‍ 21ന് കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു.


MGM Ministries-Article Source: kristheeyagaanavali.com/mal/ഗാനരചയിതാക്കള്‍/സഹോദരി-അന്നമ്മ-മാമ്മന്‍ – Accessed November 2018

LEAVE YOUR COMMENT

Your email address will not be published. Required fields are marked *

Close