കര്‍ത്താവിന്റെ എളിയ ദാസന് പാസ്റ്റര്‍ പി.എം. ഫിലിപ്പ്
ക്രിസ്തുവിന്റെ ക്രൂശീകരണത്തെക്കുറിച്ച് പറയാത്ത പ്രസംഗം ഇല്ലായിരുന്നു പപ്പായിക്ക്. കല്യാണവീട്ടില്‍ ആണെങ്കിലും മരണവീട്ടിലാണെങ്കിലും ക്രൂശീകരണ സന്ദേശം ഉണ്ടാകും. പപ്പാ എവിടെയെങ്കിലും പ്രസംഗിച്ചാല്‍ ക്രിസ്തുവിന്റെ ക്രൂശീക സന്ദേശം ഉറപ്പാണ്. കര്‍ത്തൃസന്നിധിയില്‍ വിശ്രമിക്കുന്ന പാസ്റ്റര്‍ പി.എം. ഫിലിപ്പിന്റെ മകന് ഡോ. മാത്യു ഫിന്നി പിതാവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്ക് വെയ്ക്കുന്നു.
യേശുവിനെ ക്രൂശില്‍ തറച്ച കാര്യം പ്രസംഗിക്കുമ്പോള്‍ പപ്പായുടെ കണ്ണ് നിറയും തോളില്‍ നിന്ന് ഷോള് എടുത്ത് കണ്ണീര് തുടച്ചുകൊണ്ടായിരിക്കും പിന്നെ തുടരുക. ഒരുവനെ ക്രിസ്തുവിലേക്ക് ആകര്‍ഷിക്കേണ്ടത് താത്കാലികമായ സൗഖ്യമോ വിടുതലോ ഒന്നും അല്ല, മറിച്ച് മാനവകുലത്തിന്റെ പാപത്തിനു വേണ്ടി ക്രൂശില്‍ പിടഞ്ഞു മരിച്ച പ്രാണനാഥനോടുള്ള സ്നേഹമായിരിക്കണം എന്നതായിരുന്നു പപ്പായുടെ സന്ദേശത്തിന്റെ ഉള്ളടക്കമെന്ന് ഞാന്‍ ഓര്‍ക്കുന്നു. ‘ക്രിസ്തുവിന്റെ എളിയ ദാസന്’ എന്ന് അറിയപ്പെടുവാന്‍ ആണ് പപ്പ എന്നും ആഗ്രഹിച്ചിരുന്നത്. ഒപ്പ് ഇടുമ്പോള്പ്പോലും ഏറ്റവും ചെറിയവന് എന്ന അര്‍ത്ഥം വരുവാന്‍ അടിയില്‍ എഫെസ്യര്‍ 3:8 എന്ന് എഴുതുമായിരുന്നു. ബാല്യകാലത്തില്‍ മരണക്കിടക്കയില്‍ നിന്ന് ദൈവം കൊടുത്ത വിടുതലിനെക്കുറിച്ച് നിരവധി തവണ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ടൈഫോയിഡു ബാധിച്ച് മരിക്കാറായി കിടന്ന അപ്പച്ചനെ, തന്റെ പിതാവും ഞങ്ങളുടെ വല്യപ്പച്ചനുമായിരുന്ന പൊടിമലമത്തായിച്ചനും, പാസ്റ്റര്‍ തങ്കയ്യ അതിശയവും ചേര്‍ന്ന് എണ്ണപൂശി പ്രാര്‍ത്ഥിച്ചപ്പോള്‍ ദൈവം ചെയ്ത വിടുതലിന്റെ സാക്ഷ്യം ഞങ്ങളേയും ധൈര്യപ്പെടുത്തിയിട്ടുണ്ട്. എ.ആര്.റ്റി. അതിശയത്തിന്റെ കീഴില്‍ ആണ് പപ്പാ സ്നാനപ്പെട്ടത്. 14 വയസ്സു മുതല്‍ ‘ബാലസുവിശേഷകന്’ എന്ന പേരില്‍ പ്രസംഗിച്ചു തുടങ്ങിയിരുന്നു. ചിലയിടങ്ങളില്‍ കണ്‍വന്‍ഷനു പോകുമ്പോള്‍ ഇന്ന് ബാലകന്റെ പ്രസംഗം വേണമെന്ന് പറഞ്ഞ് ജനങ്ങള്‍ നിര്‍ബന്ധിച്ചിരുന്നതായി വല്ല്യമ്മച്ചിയില് നിന്നും പറഞ്ഞു കേട്ടിട്ടുണ്ട്. ഡോ. ഫിന്നി പറഞ്ഞു.
മക്കളോട് ഒപ്പം ഒരുപാട് സമയം ചിലവഴിക്കുന്നതിലല്ല ഉള്ള സമയം ഞങ്ങള്‍ക്ക് ഒപ്പം സന്തോഷകരമായി ചിലവിടുന്നതിലാണ് പപ്പാ ശ്രദ്ധിച്ചിരുന്നത്. വീട്ടില്‍ തെറ്റു കാണിച്ചാല്‍ വഴക്കുപറയുകയും തല്ലുകയും ഒക്കെ ചെയ്യുമായിരുന്നു എങ്കിലും സ്നേഹിക്കുമായിരുന്നു. തിരുവനന്തപുരത്ത് കണ്വന്ഷന് പ്രസംഗത്തിനു പോയാലും എത്ര രാത്രി ആണെങ്കിലും വീട്ടില്‍ വരുവാന്‍ ശ്രമിച്ചിരുന്നു. ദൂരെയാണെങ്കില്‍ ചിലപ്പോള്‍ കോട്ടയത്ത് ട്രെയിന്‍ ഇറങ്ങിയിട്ട് പാതിരാത്രിയില്‍ നടന്നായിരിക്കും വീട്ടില്‍ വരിക. ഞായറാഴ്ച കുട്ടികളെ സണ്ടേസ്കൂള്‍ പഠിപ്പിക്കേണമെന്നതുകൊണ്ട് ശനിയാഴ്ച എവിടെ പോയാലും എത്ര വൈകിയാണെങ്കിലും വീട്ടില്‍ വരുമായിരുന്നു. കുട്ടികള്‍ ദൈവവചന സത്യങ്ങള്‍ മനസിലാക്കണമെന്ന അതിയായ ആഗ്രഹം പപ്പായ്ക്ക് ഉണ്ടായിരുന്നു. ഈ ആഗ്രഹമായിരിക്കാം വടവാതൂരില്‍ ശാലേം ബൈബിള്‍ കോളേജിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് കാരണമായതെന്ന് ഞാന്‍ കരുതുന്നു.
വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരം അദ്ദേഹത്തിന് വളരെ കുറവായിരിന്നു. കാപട്യം ഒട്ടുമില്ലാത്ത ആള് ആയിരുന്നു എന്റെ പപ്പ എന്ന് ഞാന്‍ ഓര്‍മിക്കുന്നു. സഭയിലെ ആരെങ്കിലും രോഗിയാണെന്ന് അറിഞ്ഞാല്‍ എത്ര തിരക്കാണെങ്കിലും അവരെ ചെന്ന് കാണുമായിരുന്നു. അതുപോലെ അടുത്ത ഇടങ്ങളില്‍ ആരെങ്കിലും മരിച്ചെന്ന് അറിഞ്ഞാല്‍ മരണ വീട്ടിലും ചെന്ന് ദു:ഖത്തിലിരിക്കുന്നവര്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമായിരുന്നു. വീട്ടില്‍ ഇരിക്കുന്ന സമയത്താണെങ്കില്‍ പറമ്പില്‍ കൃഷിപ്പണി ചെയ്യുന്നതും പശുവിനെ വളര്‍ത്തി പാല് കൊണ്ടുപോയി വില്‍ക്കുന്നതും എല്ലാം എന്റെ ഓര്‍മ്മയില്‍ ഉണ്ട്. ഞങ്ങള്‍ മൂന്നു മക്കളെ പഠിപ്പിക്കുവാൻ പപ്പാ എത്രമാത്രം കഷ്ടപ്പെട്ടുവെന്ന് ഞാന്‍ ഇടയ്ക്ക് ഓര്‍ക്കാറുണ്ട്.
വടക്കേ ഇന്‍ഡ്യയെക്കുറിച്ച് വലിയ ദര്‍ശനവും ദാഹവും ഉള്ള ആളായിരുന്നു പപ്പാ. ഐ.പി.സി.യുടെ ജനറല്‍ കണ്വന്ഷന് നടക്കുന്ന കുമ്പനാട് ഹെബ്രോന്പുരത്തും മറ്റു സ്ഥലങ്ങളിലുമുള്ള കണ്വന്ഷന് വേദികളിലും വടക്കേ ഇന്ത്യയെക്കുറിച്ച് ശക്തമായ ദൂത് പറഞ്ഞതിന്റെ ഫലമായി അനേകര്‍ വടക്കേ ഇന്ത്യയില്‍ മിഷണറിമാരായി പോകുവാന്‍ സമര്‍പ്പിച്ചിട്ടുണ്ട് ആ ഉദ്ദേശത്തോടെ ആയിരുന്നു ഷാലോം ബൈബിള്‍ കോളേജിന്റെ ആരംഭവും. ഒരു വേദപഠനശാല എന്നതിലുപരി ഒരു ഭവന അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് വിദ്യാര്‍ത്ഥികളെ മാതാപിതാക്കളെപ്പോലെ സ്നേഹിച്ച് അവരുടെ കാര്യങ്ങളില്‍ ഉത്സാഹം കാണിക്കുന്നതില്‍ പപ്പായും മമ്മായും ശ്രദ്ധിച്ചിരുന്നു. അതിന്റെ ഫലമാണ് പാസ്റ്റര്‍ കെ.വി. ഫിലിപ്പ് ആദ്യബാച്ചിലെ പഠനത്തിന് ശേഷം രാജസ്ഥാനിലേക്ക് പോയത്. പിന്നെ പാസ്റ്റര്‍ തോമസ് മാത്യുവും 1963 ല്‍ രാജസ്ഥാനിലേക്ക് പോകുകയും ദൈവകൃപയില്‍ ആശ്രയിച്ച് ശക്തമായി പ്രവര്‍ത്തിക്കുകയും അനേകരെ കര്‍ത്താവിലേക്ക് നടത്തുകയും ചെയ്തത്. പപ്പായുടെ ഉത്സാഹത്തില്‍ വടക്കേ ഇന്ത്യന്‍ സുവിശേഷ പ്രവര്‍ത്തനത്തെ സഹായിക്കുവാന്‍ വേണ്ടിയാണ് സഹോദരിമാരുടെ ഇടയില്‍ വഞ്ചിക ശേഖരണം ആരംഭിച്ചത് ഇതാണ് പിന്‍കാലത്ത് ബാഹ്യകേരള മിഷന് ബോര്‍ഡായി രൂപം പ്രാപിച്ചത്.
ഇംഗ്ലീഷിലും പ്രസംഗിക്കുമായിരുന്നു പപ്പാ നിരവധി തവണ വടക്കേ ഇന്ത്യയില്‍ പോയിട്ടുണ്ട്. എന്നാല്‍ 1969-ല്‍ മുംബൈയില്‍ കല്യാണ്‍ എന്ന സ്ഥലത്ത് കണ്വന്ഷന് പ്രസംഗിക്കുവാന്‍ പോയപ്പോള്‍ പപ്പയ്ക്ക് സുവിശേഷ വിരോധികളുടെ മര്‍ദ്ദനം ഏറ്റു. മുംബൈയില്‍ നിന്ന് തിരികെ വീട്ടില്‍ വന്നപ്പോള്‍ പറഞ്ഞു അവിടെ ദൈവപ്രവര്‍ത്തി നിശ്ചയമായും നടക്കും എന്ന്. ആ വാക്കുകള്‍ ഇപ്പോഴും എന്റെ മനസില്‍ ഉണ്ട്. ഇന്ന് ദൈവം ആ പ്രദേശത്തെ അനുഗ്രഹിച്ചു. നിരവധി വിശ്വാസികള്‍ ഇന്ന് അവിടെ ഉണ്ട്.
ആത്മാക്കളെക്കുറിച്ച് ഉള്ള ഭാരം എപ്പോഴും പപ്പായ്ക്ക് ഉണ്ടായിരുന്നു. എത്ര ശാരീരിക അസ്വസ്ഥത ഉണ്ടായിരുന്നാല്‍ പ്രസംഗവേദിയില്‍ കയറിയാല്‍ അതെല്ലാം മറക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. 2000-ല്‍ കുമ്പനാട് കണ്‍വന്‍ഷനില്‍ ബൈബിള്‍ സ്കൂള്‍ ഗ്രാജുവേഷനാണ് പപ്പ അവസാനമായി ഒരു വലിയ പൊതുസമ്മേളനത്തില്‍ പ്രസംഗിച്ചത്. അന്ന് ശൂനേംകാരിത്തിലെ ജീവിതത്തെ ആസ്പദമാക്കി പപ്പാ പ്രസംഗിച്ചത്. അത് എന്റെ ഓര്‍മ്മയില്‍ ഉണ്ട്. അന്ന് ആ പ്രസംഗത്തിനിടയില്‍ തന്നെ പപ്പ തലചുറ്റി വീണു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ചില നാളുകള്‍ ഭവനത്തില്‍ വിശ്രമിക്കേണ്ടിവന്നു. 2000 നവംബര്‍ 11-ാം തീയതി നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. ഷാലോം ബൈബിള്‍ സ്കൂളില്‍ പഠിച്ച അനുഗ്രഹീത ശുശ്രൂഷകന്മാര് പലരും പെന്റക്കൊസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്‍പന്തിയില്‍ ഉണ്ട് എന്നുള്ളത് ഷാലേം ബൈബിള്‍ കോളേജിനും അഭിമാനമാണ്. 2003 ഡിസംബര്‍ 29-ന് മമ്മയും (സാറാമ്മ ഫിലിപ്പ്) ശുശ്രൂഷ തികച്ച് നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. മക്കളായ ഞാനും പാസ്റ്റര്‍ ഈശോ ഫിലിപ്പും ചേര്‍ന്ന് ഷാലോം ബൈബിള്‍ സ്കൂളില്‍ ഇപ്പോള്‍ നടത്തി പോരുന്നു.
പാസ്റ്റര്‍ പി.എം. ഫിലിപ്പ്
1915-ല്‍ പി.റ്റി. മാത്യുവിന്റെയും (പൊടിമലമത്തായിച്ചന്) മറിയാമ്മ മാത്യുവിന്റെയും മകനായിട്ടാണ് പി.എം. ഫിലിപ്പ് ജനിച്ചത്. ടൈഫോയിഡു ബാധിച്ച് മരിക്കാറായി കിടന്ന ഫിലിപ്പിനെ പിതാവും തങ്കയ്യാ അതിശയവും ചേര്‍ന്ന് എണ്ണപൂശി പ്രാര്‍ത്ഥിച്ചു പിന്നീട് കിണറ്റുകരയില്‍ കൊണ്ടുപോയി പച്ചവെള്ളത്തില്‍ കുളിപ്പിച്ചു. മരിച്ചു പോകുമെന്ന് നാട്ടുകാര്‍ വിധിയെഴുതിയ കുട്ടി പിറ്റെ ആഴ്ച മുതല്‍ കര്‍ത്താവിനെ ശുശ്രൂഷിച്ചു തുടങ്ങി. 14-ാം വയസ്സില്‍ സുവിശേഷവേലയ്ക്കായി പ്രതിഷ്ഠിച്ചു. എ.ആര്.റ്റി. അതിശയത്തിന്റെ കീഴില്‍ ആണ് അദ്ദേഹം സ്നാനം ഏറ്റത്. മുളക്കുഴ സീയോന്കുന്നിലും കുമ്പനാടും വചനമഭ്യസിച്ചു കോട്ടയം ജില്ലയായിരുന്നു പ്രധാനമായും അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖല. കേരളത്തിലെ പെന്റക്കൊസ്റ്റ് പ്രസ്ഥാനങ്ങളില്‍ അപൂര്‍വ്വമായി മാത്രം ബൈബിള്‍ കോളേജുകള്‍ ഉണ്ടായിരുന്നപ്പോള്‍ 1956-ല്‍ പാസ്റ്റര്‍ പി.എം. ഫിലിപ്പ് ആരംഭിച്ചതാണ് ഷാലോം ബൈബിള്‍ സ്കൂള്‍. ഐ.പി.സി. ജനറല്‍ സെക്രട്ടറി, കേരള കൗണ്‍സില്‍ പ്രസിഡന്റ്, ഐ.പി.സി. തിയോളജിക്കല്‍ ബോര്‍ഡ് ചെയര്മാന് തുടങ്ങിയ സഭയുടെ സ്ഥാനങ്ങള്‍ കര്‍ത്തവ്യബോധത്തോടെ നിര്‍വഹിച്ചു. തികഞ്ഞ ലക്ഷ്യബോധത്തോടും ആത്മസമര്‍പ്പണത്തോടും കൂടെ സുവിശേഷരണാങ്കണത്തില് അത്യദ്ധ്വാനം ചെയ്ത ഈ ദൈവദാസന് 2000 നവംബര്‍ 11 ന് നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. 2003 ഡിസംബര്‍ 29 ന് സഹധര്‍മ്മിണിയായ സാറാമ്മ ഫിലിപ്പും നിത്യതയില്‍ പ്രവേശിച്ചു.
MGM Ministries-Article Source: gmnewsonline.com/newscontentarchive.php?id=2173 – (Accessed in August 2017)